രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒമാനിലെ സുപ്രീം കമ്മിറ്റി, രോഗവ്യാപനം തടയുന്നതിന് ആവശ്യമാണെങ്കിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കർശന നടപടികൾ കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 16-ന് ചേർന്ന യോഗത്തിലാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ദോഫാർ ഗവർണറേറ്റിലെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ പ്രത്യേകം വിലയിരുത്തിയ ശേഷം ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഗവർണറേറ്റിൽ പൂർണ്ണമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിടയുണ്ടെന്നും സുപ്രീം കമ്മിറ്റി സൂചിപ്പിച്ചു.
നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ 2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ദോഫാർ ഗവർണറേറ്റിലെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിവേഗം പടരുന്ന രോഗബാധ മൂലം തീവ്രപരിചരണം ആവശ്യമാകുന്ന രോഗികളുടെ എണ്ണവും, മരണനിരക്കും ഗവർണറേറ്റിൽ ദിനംപ്രതി ഉയരുകയാണ്.
ഈ സഹചര്യത്തിൽ പൊതുസമൂഹത്തോട് ജാഗ്രത തുടരാനും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ഒത്ത്‌ചേരലുകൾ ഒഴിവാക്കൽ മുതലായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. ഇഫ്താർ സംഗമങ്ങൾ, ശവസംസ്‌കാരച്ചടങ്ങുകൾ, വിവാഹം മുതലായ സാമൂഹിക ചടങ്ങുകൾ ഒഴിവാക്കാനും, വാണിജ്യ സ്ഥാപനങ്ങളിലേക്കും, മാളുകളിലേക്കും, മാർക്കറ്റുകളിലേക്കും മറ്റുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും, തിരക്കേറിയ സമയങ്ങളിൽ ഇത്തരം യാത്രകൾ തീർത്തും ഒഴിവാക്കാനും കമ്മിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.