രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പ്രഖ്യാപിച്ചു. ജനുവരി 24, ഞായറാഴ്ച്ചയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്ത് നടപ്പിലാക്കുന്ന സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായുള്ള ഈ തീരുമാനം, ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബഓവെയിനാണ് അറിയിച്ചത്. ഈ തീരുമാന പ്രകാരം പ്രവാസി ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള വിവിധ തൊഴിൽ മേഖലകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
താഴെ പറയുന്ന തൊഴിൽ മേഖലകളിലാണ് പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചിട്ടുള്ളത്:
- ഇൻഷുറൻസ് കമ്പനികൾ, ഇൻഷുറൻസ് ബ്രോക്കറേജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ.
- മാളുകളിൽ പ്രവർത്തിക്കുന്ന വില്പനശാലകളിലെ വില്പന, അക്കൗണ്ടിംഗ്, മാനേജ്മന്റ്, മണി എക്സ്ചേഞ്ച്, വില്പന സാധനങ്ങൾ ഒരുക്കിവെക്കുന്ന ജോലികൾ മുതലായവ.
- ഓട്ടോ ഏജൻസികളിലെ അക്കൗണ്ട് ഓഡിറ്റിംഗ് തൊഴിലുകൾ.
- പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട മുഴുവൻ തൊഴിലുകളും.
- ഓട്ടോ ഏജൻസികളിലെ പുതിയ വാഹനങ്ങൾക്ക് ആവശ്യമായ സ്പെയർ പാർട്ട്സിന്റെ വിപണനം.
- പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിംഗ് തൊഴിലുകളും.
ഈ തീരുമാനപ്രകാരം മേൽ പറഞ്ഞ തൊഴിലുകളിൽ നിലവിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിസ കാലാവധി അവസാനിച്ച ശേഷം അവ പുതുക്കി നൽകേണ്ടതില്ലെന്നും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2021 ജനുവരി 20-ന് ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഈ തീരുമാനം, ഈ തീയ്യതി മുതൽ ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.