ഒമാൻ: ജൂൺ മാസം മുതൽ COVID-19 സമൂഹ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും; ഈ വർഷം 70% പേർക്ക് വാക്സിൻ

Oman

2021 അവസാനത്തോടെ രാജ്യത്തെ പൗരമാരും, പ്രവാസികളും ഉൾപ്പടെ 70 ശതമാനത്തിൽ പരം ആളുകൾക്ക് COVID-19 വാക്സിനേഷൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ പൂർത്തിയാക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിനായി സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും ഉൾപ്പടെ പ്രത്യേക വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

ഇത്തരം വാക്സിനേഷൻ യത്നങ്ങൾക്കായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, വിവിധ ഗവർണറേറ്റുകളിലെ സ്പോർട്സ് കോംപ്ലക്സുകൾ മുതലായവ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 അവസാനം വരെ മൊബൈൽ വാക്സിനേഷൻ പ്രചാരണ പരിപാടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂൺ മാസത്തിൽ ഒരു ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ ഒമാനിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു കമ്പനികളുടെ ഒരു ലക്ഷം ഡോസ് വാക്സിനും ഈ കാലയളവിൽ രാജ്യത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ജൂൺ അവസാനത്തോടെ രാജ്യത്ത് ഒന്നര ദശലക്ഷം പേർക്ക് വാക്സിൻ നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ഒരേ സമയം കൂടുതൽ പേരിലേക്ക് വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്നതിനായി ജൂൺ മാസം മുതൽ ഒമാനിൽ പ്രത്യേക സമൂഹ വാക്സിനേഷൻ യത്നങ്ങൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി 45 വയസ്സിന് മുകളിലുള്ളവർ, തീർത്ഥാടകർ, മുസന്ദം ഗവർണറേറ്റിലെ നിവാസികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, പോലീസ്, സായുധസേന, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാഭ്യാസ പ്രവർത്തകർ, പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥികൾ, മര്‍മ്മപ്രധാനമായ മേഖലകളിൽ തൊഴിലെടുക്കുന്നവർ മുതലായവർക്ക് വാക്സിൻ നൽകുമെന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.