ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി സർവേ നടപ്പിലാക്കും

GCC News

ഒമാനിലെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി സർവേ നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ജൂലൈ 2 , വ്യാഴാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. സൈഫ് അൽ അബ്‌രി ഈ വിവരം അറിയിച്ചത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനുമായി ചേർന്ന് നടത്തുന്ന ഈ സർവേ ജൂലൈ 12 മുതൽ പത്ത് ആഴ്ച്ച നീണ്ടുനിൽക്കും. 4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും. ഇതിലൂടെ രാജ്യത്തെ വിവിധ പ്രായ വിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒമാനിലെ പൗരന്മാരുടെ ഇടയിലും, നിവാസികളുടെ ഇടയിലും ഈ സർവേ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേ സമയം രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി ഇന്നത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആളുകൾ ഒത്തുചേരുന്ന ആരാധനാലയങ്ങൾ തുറക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.