വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ തുടരുന്ന പ്രവാസികൾ ശാശ്വതമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന പക്ഷം, ഇവരുടെ ഇത്തരം ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങൾക്കും, തൊഴിലാളികൾക്കും നൽകുന്ന സഹായങ്ങൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കിടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2020 അവസാനം വരെയാണ് പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മുഴുവൻ കുടിശ്ശികയും തീർക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക്, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുന്ന തൊഴിലാളികളുമായുള്ള തൊഴിൽ കരാറുകൾ റദ്ദ്‌ചെയ്യുന്നതിന് അനുമതി നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക സഹായങ്ങൾ ഈ വർഷം അവസാനം വരെ തുടരാൻ കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.