ഒമാൻ: ജനുവരി 17 മുതൽ പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി

GCC News

2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ജനുവരി 12, ചൊവ്വാഴ്ച്ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനമുണ്ടായത്.

രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് വിദ്യാർത്ഥികൾക്ക് പടിപടിയായി വിദ്യാലയങ്ങളിലെത്താൻ അനുമതി നൽകാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ഈ തീരുമാന പ്രകാരം വിദ്യാർത്ഥികൾ നേരിട്ടെത്തുന്നതും, വിദൂര വിദ്യാഭ്യാസ രീതികളും സംയോജിപ്പിക്കുന്ന സമ്മിശ്ര സമ്പ്രദായത്തിലായിരിക്കും പഠനം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണ്.

വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, വിദ്യാലയ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവൻ മുൻകരുതൽ നിർദ്ദേശങ്ങളും വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്ത ശേഷം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സുരക്ഷ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ കമ്മിറ്റി കൈക്കൊള്ളുന്നതാണ്.

COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും ഇതേ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.