VAT നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ ടാക്സ് അതോറിറ്റി തീരുമാനങ്ങൾ പുറത്തിറക്കി; 2021 ഏപ്രിൽ 16 മുതൽ നടപ്പിലാക്കും

GCC News

2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി. VAT നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 6, ബുധനാഴ്ച്ച ഒമാൻ ടാക്സ് അതോറിറ്റി മൂന്ന് സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടിരുന്നു.

2021 ഏപ്രിൽ മുതൽ രാജ്യത്ത് 5 ശതമാനം VAT നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2020 ഒക്ടോബർ 12-ന് പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഒമാൻ ഭരണാധികാരി പുറത്തിറക്കിയ ‘121/2020’ എന്ന ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത് എന്നതുകൊണ്ടാണ് 2021 ഏപ്രിൽ 16 മുതൽ VAT നടപ്പിലാക്കുന്നത്.

അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ഒമാൻ ടാക്സ് അതോറിറ്റി കൈകൊണ്ടിട്ടുള്ള തീരുമാന പ്രകാരം, 94 അടിസ്ഥാന ഭക്ഷണ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയതായാണ് ലഭിക്കുന്ന വിവരം. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ്, കുട്ടികൾക്കുള്ള പോഷകാഹാരം മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.