2021 മെയ് 9 മുതൽ മെയ് 11 വരെ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കിയതായും, ഇവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനിച്ചതായും ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. മെയ് 2-നാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.
2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്നും ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.