ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രികരിൽ നിന്ന് പ്രത്യേക സേവന ഫീസ് ഈടാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി അറിയിച്ചു. 2021 ജനുവരി 1 മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഇത് സംബന്ധിച്ച് രാജ്യത്തെ സിവിൽ വ്യോമയാന നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരുന്നതിന് ഒമാൻ വ്യോമയാന മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒമാനിലെ സിവിൽ വ്യോമയാന നിയമങ്ങളിലെ ആർട്ടിക്കിൾ 87-ലാണ് ട്രാൻസിറ്റ് യാത്രികർക്കുള്ള ഫീസ് സംബന്ധിച്ച് ഭേദഗതി കൊണ്ടുവരുന്നത്. ഈ നിയമപ്രകാരം ഓരോ ട്രാൻസിറ്റ് യാത്രികരിൽ നിന്നും 3 ഒമാനി റിയാൽ ട്രാൻസിറ്റ് ഫീസ് ആയി ഇടാക്കുന്നതാണ്. ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള 5 റിയാൽ പ്രത്യേക ഫീസ് ആഭ്യന്തര, ട്രാൻസിറ്റ് യാത്രക്കാർക്ക് ഇതുവരെ ഒഴിവാക്കി നൽകിയിട്ടുണ്ടായിരുന്നു. ഈ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ട്രാൻസിറ്റ് യാത്രികരിൽ നിന്ന് 3 റിയാൽ ഈടാക്കുന്നതാണ്.