ഒമാൻ: COVID-19 സംബന്ധമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം വരെ തടവ്

GCC News

കൊറോണ വൈറസ് സംബന്ധമായ വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഒമാൻ. ഇത്തരത്തിൽ വ്യാജ വാർത്തകൾ ചമയ്ക്കുന്നതും, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെക്കുന്നതും, പ്രചരിപ്പിക്കുന്നതും അതീവ ഗൗരവകരമായ കുറ്റകൃത്യമാണെന്ന് ഒമാൻ നിവാസികളെ അധികൃതർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു.

https://twitter.com/OmanVSCovid19/status/1257020438770835457

ഇത്തരം നിയമലംഘകർക്ക് ഒമാനിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

നിലവിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയുടെ പശ്ചാത്തലത്തിൽ, സമൂഹത്തിലെ പരിഭ്രാന്തി വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന നടപടികൾ സഹായിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

പൊതു സമൂഹം ഇത്തരത്തിൽ പരിഭ്രാന്തി പടർത്തുന്ന വാർത്തകളിൽ വഞ്ചിതരാകാതിരിക്കാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വർത്തകളെയും, അറിയിപ്പുകളെയും പിന്തുടരാനും അധികൃതർ ആഹ്വനം ചെയ്തിട്ടുണ്ട്.