ഒമാൻ: VAT ഏപ്രിൽ 16 മുതൽ; ഇന്ധന വിലയിൽ VAT ചുമത്തും

GCC News

രാജ്യത്ത് ഏപ്രിൽ 16 മുതൽ നടപ്പിലാക്കുന്ന 5% മൂല്യവർദ്ധിത നികുതി (VAT) ഇന്ധനങ്ങൾക്കും ബാധകമാക്കുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ഏപ്രിൽ 16 മുതൽ രാജ്യത്ത് 5% മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും, ഏപ്രിൽ 16 മുതൽ തന്നെ ഒമാനിൽ VAT പ്രാബല്യത്തിൽ വരുമെന്നും ഒമാൻ ടാക്സ് അതോറിറ്റി ഏപ്രിൽ 1-ന് വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 16, വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ രാജ്യത്തെ ഇന്ധനവിലയിൽ 5% മൂല്യവർദ്ധിത നികുതി ഉൾപ്പെടുത്തുമെന്നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇപ്പോൾ അറിയിച്ചിട്ടുള്ളത്. താഴെ പറയുന്ന രീതിയിലാണ് ഇന്ധനവിലയിൽ VAT ഉൾപ്പെടുത്തുന്നത്:

  • M 95 പെട്രോൾ – VAT ഉൾപ്പടെ ലിറ്ററിന് 227 ബൈസ (ലിറ്ററിന് 216 ബൈസയായിരുന്നു പഴയ വില)
  • M 91 പെട്രോൾ – VAT ഉൾപ്പടെ ലിറ്ററിന് 215 ബൈസ (ലിറ്ററിന് 205 ബൈസയായിരുന്നു പഴയ വില)
  • ഡീസൽ – VAT ഉൾപ്പടെ ലിറ്ററിന് 233 ബൈസ (ലിറ്ററിന് 222 ബൈസയായിരുന്നു പഴയ വില)

ഏപ്രിൽ 16 മുതൽ രാജ്യത്ത് ഏതാനം സേവനങ്ങൾക്കും, സാധനങ്ങൾക്കും ഒഴികെ മറ്റു സേവനങ്ങൾക്കെല്ലാം 5 ശതമാനം VAT ബാധകമാകുന്നതാണ്. ഇളവ് നൽകിയിട്ടുള്ള ഏതാനം മേഖലകളിലൊഴികെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും ഈ നികുതി ബാധകമാണ്.

അവശ്യ ഭക്ഷണ സാധനങ്ങൾ, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളെ VAT നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ജനുവരിയിൽ ഒമാൻ ടാക്സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 94 അടിസ്ഥാന ഭക്ഷണ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയതായി സൂചിപ്പിച്ചിരുന്നു. ഈ പട്ടികയിലേക്ക് കൂടുതൽ ഭക്ഷണസാധനങ്ങളെ അധികൃതർ പിന്നീട് ഉൾപ്പെടുത്തിയിരുന്നു. പാൽ, ക്ഷീരോല്‍പന്നങ്ങള്‍, മാംസം, മീൻ, മുട്ട, കോഴി, താറാവ്, പഴം, പച്ചക്കറി, കാപ്പി, ചായ, പഞ്ചസാര, ഒലിവ് എണ്ണ, ബ്രഡ്, കുപ്പിയിൽ ലഭിക്കുന്ന കുടിവെള്ളം, ഉപ്പ്, കുട്ടികൾക്കുള്ള പോഷകാഹാരം മുതലായ സാധനങ്ങളെ VAT-ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും ഈ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏതാണ്ട് 1.5% VAT നടപ്പിലാക്കുന്നതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയിനത്തിൽ പ്രതിവർഷം 400 ദശലക്ഷം റിയാൽ പിരിച്ചെടുക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.