വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അനുമതി നൽകി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ സർവീസിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടം 2022 ജനുവരി 20 മുതൽ ആരംഭിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ മസ്കറ്റ് ഗവർണറേറ്റിലാണ് ഈ ടാക്സി സേവനം ആരംഭിക്കുന്നത്. വനിതാ യാത്രികർ, വിദ്യാർത്ഥികൾ, കുട്ടികൾ തുടങ്ങിയവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സർവീസ് ഒടാക്സി ആപ്പിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ ലൈസൻസ് മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി നൽകിയതായും ഒമാൻ ന്യൂസ് ഏജൻസി കൂട്ടിച്ചേർത്തു. മസ്കറ്റ് ഗവർണറേറ്റിലെ ഈ ടാക്സി സർവീസിന്റെ പ്രകടനം വിലയിരുത്തിയ ശേഷം അടുത്ത ഘട്ടത്തിൽ മറ്റു ഗവർണറേറ്റുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നതാണ്.