ഒമാൻ: ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ ഓഗസ്റ്റ് 8-നു അവസാനിക്കും; രാത്രിയിലെ യാത്രാ വിലക്ക് ഓഗസ്റ്റ് 15 വരെ തുടരും

GCC News

ഒമാനിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 8, ശനിയാഴ്ച്ചയോടെ നീക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 8-നു രാവിലെ 6 മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് ഇന്ന് (ഓഗസ്റ്റ് 5) ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ എല്ലാ ഗവർണറേറ്റുകൾക്കുള്ളിലും നടപ്പിലാക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 15 വരെ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഓഗസ്റ്റ് 8 ശനിയാഴ്ച്ച മുതൽ ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ വരെ, ദിനവും രാത്രി 9 മുതൽ രാവിലെ 5 വരെ ഗവർണറേറ്റുകൾക്കുള്ളിലുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും. ദോഫാർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഇന്ന് സുപ്രീം കമ്മിറ്റി യോഗം ചേർന്നത്. ഗവർണറേറ്റുകൾക്കിടയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ഇതിനു ശേഷമാണ് ലോക്ക്ഡൌൺ സംബന്ധമായ സുപ്രധാനമായ തീരുമാനങ്ങൾ അറിയിച്ചത്.