ഒമാൻ: ധോഫർ ഗവർണറേറ്റിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനം

GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ, സെപ്റ്റംബർ 22, ചൊവ്വാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.

ധോഫർ ഗവർണറേറ്റിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ, രോഗബാധയുടെ വ്യാപനം എന്നിവ സംബന്ധമായ സൂചികകൾ വിശകലനം ചെയ്‌ത ശേഷമാണ് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. ധോഫർ ഗവർണറേറ്റിലെ നിവാസികൾക്ക് ഇതോടെ 2020 ജൂൺ മാസം മുതൽ തുടരുന്ന യാത്ര നിയന്ത്രണങ്ങൾ ഒഴിവാകുന്നതാണ്.

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ധോഫറിലെ ജനങ്ങളോട് സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി COVID-19 പ്രതിരോധ മുൻകരുതൽ നടപടികൾ വീഴ്ചകൂടാതെ നടപ്പിലാക്കാനും കമ്മിറ്റി ആഹ്വാനം ചെയ്തു.

രാജ്യത്തെ ദൈനംദിന ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ഏതാനം തീരുമാനങ്ങളും ഈ യോഗത്തിൽ സുപ്രീം കമ്മിറ്റി കൈകൊള്ളുകയുണ്ടായി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക സഹായങ്ങൾ ഈ വർഷം അവസാനം വരെ തുടരാനും കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റുൾപടെയുള്ള ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് ജൂൺ 13 മുതലാണ് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയായിരുന്നു.