ഒമാൻ: 2022 മുതൽ ഷോപ്പിംഗ് മാളുകളിലും, ഭക്ഷണശാലകളിലും ഡിജിറ്റൽ പണമിടപാട് രീതികൾ നിർബന്ധമാക്കുന്നു

Oman

2022 ജനുവരി 1 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. ഉപഭോക്താക്കൾക്കിടയിൽ കറൻസിയുടെ ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, ഉപഭോക്താക്കൾക്കായി, വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമായും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. സമ്പർക്കം ഒഴിവാക്കിക്കൊണ്ടുള്ള പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാനിലെ വാണിജ്യമേഖലയിൽ വിവിധ ഘട്ടങ്ങളിലായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജുവല്ലറി ഷോപ്പ്, ഭക്ഷണസാധനങ്ങളുടെ വില്പനശാലകൾ, പഴം, പച്ചക്കറി വ്യാപാരശാലകൾ, ഇലക്ട്രോണിക് ഷോപ്പ്, ഇൻഡസ്ട്രിയൽ മേഖല, കെട്ടിടനിർമ്മാണ വസ്തുക്കളുടെ വിപണനകേന്ദ്രങ്ങൾ, പുകയിലവ്യാപാരം മുതലായ പ്രവർത്തനങ്ങളിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ നിർബന്ധമാക്കുന്നതാണ്.

ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ 2022 ജനുവരി 1-ന് മുൻപായി പൂർത്തിയാക്കാൻ മന്ത്രാലയം ഇത്തരം മേഖലകളിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ ഈ തീരുമാനം എളുപ്പത്തിൽ നടപ്പിലാക്കുന്നതിനായി ആവശ്യമായ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, രാജ്യത്തെ മറ്റു ബാങ്കുകളുമായി ചേർന്ന് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രത്യേക ഇൻസ്റ്റലേഷൻ ചാർജുകളോ, മാസ/ വാർഷിക വരിസംഖ്യകളോ ഇല്ലാതെ ഈ ഉപകരണങ്ങൾ സ്ഥാപനങ്ങൾക്ക് ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.