ഒമാൻ: ജൂൺ 20 മുതൽ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

GCC News

2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

ജൂൺ 19-ന് ഉച്ചയ്ക്കാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ അനുവദിക്കുന്നതല്ല. പൊതുഇടങ്ങളിലേക്ക് ഈ സമയം പ്രവേശനം വിലക്കിയിട്ടുണ്ട്.

ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം ബാധകമാക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ആവശ്യസേവനങ്ങൾ നൽകുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതാണ്. രാത്രികാല ലോക്ക്ഡൌൺ സമയങ്ങളിൽ ഹോം ഡെലിവറി സേവനങ്ങൾ അനുവദിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.