ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടർ ബദ്ർ ബിൻ സൈഫ് അൽ റവാഹിയെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ ഏതാണ്ട് 60 ശതമാനം പേർക്ക് വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അൽ റവാഹി വ്യക്തമാക്കി. ഇത് ലക്ഷ്യമിട്ടുള്ള വാക്സിനേഷൻ പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാഴ്‌ച്ചത്തെ ഇടവേളയിൽ രണ്ട് തവണയായാണ് ഈ വാക്സിൻ നൽകുന്നത്. ബുധനാഴ്ച്ച ആദ്യ ബാച്ച് വാക്സിൻ എത്തുന്നതോടെ കൃത്യമായ പ്രവർത്തന പദ്ധതികൾ പ്രകാരം രാജ്യത്തെ വാക്സിനേഷൻ നടപടികൾക്ക് തുടക്കമിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പുകൾ അടുത്ത ഏതാനം ദിനങ്ങളിൽ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏതാണ്ട് 60 ശതമാനം പേർക്ക് വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെങ്കിലും, ആദ്യ ഘട്ടത്തിൽ മുൻഗണന ആവശ്യമായ 20 ശതമാനത്തോളം പേർക്ക് കുത്തിവെപ്പ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രായമായവർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനും ഒമാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിസംബർ 15-ന് ഔദ്യോഗിക അനുമതി നൽകിയിരുന്നു. 16 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അടിയന്തിര ഘട്ടങ്ങളിൽ ഈ വാക്സിൻ നൽകുന്നതിനും ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.