മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ഗവർണറേറ്റുകൾക്കിടയിൽ ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗവർണറേറ്റുകൾക്കിടയിലെ യാത്രകൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. കർഫ്യു വേളയിൽ വ്യക്തികൾ, വാഹനങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള സഞ്ചാരവും അനുവദിക്കില്ലെന്ന് ROP പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചിട്ടുണ്ട്. ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഗവർണറേറ്റുകൾക്കിടയിലെ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ഓരോ ഗവർണറേറ്റുകൾക്കുള്ളിലെ സംസ്ഥാനങ്ങൾ, ഗ്രാമങ്ങൾ എന്നിവയ്ക്കിടയിലും മറ്റുമുള്ള എല്ലാ യാത്രകളും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരശാലകളും മറ്റും തങ്ങളുടെ ജീവനക്കാർക്ക് കർഫ്യു ആരംഭിക്കുന്നതിന് മുൻപ് വീടുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന രീതിയിൽ പ്രവർത്തന സമയങ്ങൾ ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി മാർച്ച് 25-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം ദിനവും രാത്രി 8 മുതൽ രാവിലെ 5 വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
അതേസമയം, 2021 മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ആരംഭിക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് ഏതാനം പ്രവർത്തന മേഖലകളെ ഒഴിവാക്കിയതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.