രാജ്യത്ത് നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി, രണ്ടായിരത്തിൽ പരം പ്രവാസി അധ്യാപകർക്ക് പകരം ഒമാനി പൗരന്മാരെ നിയമിക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. മാർച്ച് 15-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നടപടികളുടെ ആദ്യഘട്ടത്തിൽ, ഒമാനിലെ 2469 പ്രവാസി അധ്യാപകർക്ക് പകരം ഒമാൻ പൗരന്മാരെ നിയമിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയതായി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ അധ്യാപകരിൽ 1455 പേർ പുരുഷന്മാരും, 1014 പേർ സ്ത്രീകളുമാണ്.
ഇസ്ലാമിക വിഷയങ്ങൾ, അറബിക്, ഫ്രഞ്ച്, ഗണിതം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി, സംഗീതം, കല, സ്പോർട്സ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. ഈ വർഷം രാജ്യത്തെ പൊതു മേഖലയിൽ ഒമാൻ പൗരന്മാർക്ക് ഏതാണ്ട് നാലായിരത്തോളം തൊഴിലവസരങ്ങൾ നൽകുന്നതിനായാണ് മന്ത്രാലയം പദ്ധതിയിടുന്നത്.