രാത്രികാല യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി. മസ്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ ചുമതലയുള്ള ഡോ. തമ്ര ബിൻത് സയീദ് അൽ ഗഫ്‌റിയയാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 24-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. “ഡ്രൈവ്-ത്രൂ വാക്സിനേഷൻ പദ്ധതി നിലവിൽ ഒരാഴ്ച്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ അടുത്ത ആഴ്ച്ച മുതൽ അത് പുനരാരംഭിക്കുന്നതാണ്.”, ഡോ. തമ്ര ബിൻത് സയീദ് അൽ ഗഫ്‌റിയ പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിലെ കേന്ദ്രത്തിൽ നിന്ന് പ്രവർത്തിദിനങ്ങളിൽ ദിവസവും വൈകീട്ട് 4 മുതൽ രാത്രി 9 മണിവരെയാണ് വാക്സിനേഷൻ സേവനങ്ങൾ പ്രഖ്യാപിച്ചിരുന്നത്. രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചതോടെ ഈ വാക്സിനേഷൻ നടപടികൾ താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിൽ രാത്രികാല ലോക്ക്ഡൌൺ പോലുള്ള ഭാഗിക യാത്രാനിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ് അൽ സൈദി ഇതേ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.