ഒമാൻ: രണ്ടാം ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് ഫെബ്രുവരി 14 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ 2021 ഫെബ്രുവരി 14, ഞായറാഴ്ച്ച മുതൽ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 13-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ആദ്യ ഡോസ് ഫൈസർ COVID-19 കുത്തിവെപ്പ് സ്വീകരിച്ച മുഴുവൻ പേരോടും രണ്ടാം ഡോസ് സ്വീകരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. വാക്സിനിന്റെ ഫലപ്രാപ്തിക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്ന നടപടി വളരെ പ്രധാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിച്ച് കൊണ്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27 മുതൽ ഒമാനിൽ ആരംഭിച്ചിരുന്നു. ഇതുവരെ 39,772 ഡോസ് ഫൈസർ വാക്സിനാണ് ഒമാനിൽ നൽകിയിട്ടുള്ളത്. ഇതിൽ 27400 പേർക്ക് നൽകിയ ആദ്യ ഡോസും, 12272 പേർക്ക് നൽകിയ രണ്ടാം ഡോസും കുത്തിവെപ്പുകൾ ഉൾപ്പെടുന്നു. ഫൈസർ വാക്സിൻ ലഭ്യതയിൽ ആഗോളതലത്തിൽ നേരിട്ട ക്ഷാമത്തെത്തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്ന പ്രക്രിയ മന്ത്രാലയം താത്കാലികമായി നീട്ടിവെച്ചിരുന്നു.

എന്നാൽ ഫെബ്രുവരി 13-ന് 17550 ഡോസ് അടങ്ങിയ ഫൈസർ വാക്സിനിന്റെ പുതിയ ബാച്ച് ഒമാനിലെത്തിയതോടെ, നീട്ടിവെച്ചിരുന്ന രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ഫെബ്രുവരി 14 മുതൽ പുനരാരംഭിക്കാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ആദ്യ ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ, രാജ്യത്ത് വിതരണം ചെയ്യുന്ന മറ്റു COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കരുതെന്നും, ഫൈസർ വാക്സിനിന്റെ തന്നെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.