ഒമാൻ: ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂൺ 27 മുതൽ പുനരാരംഭിക്കും

GCC News

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ വെച്ച് നടത്തുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂൺ 27, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജൂൺ 20-ന് ആരംഭിച്ച രാത്രികാല യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ ജൂൺ 27 മുതൽ പുനരാരംഭിക്കുമെന്നും, നേരത്തെ അറിയിച്ചിരുന്ന മുൻഗണനാ പ്രകാരമുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുമെന്നും ആരോഗ്യ മന്ത്രാലയം ജൂൺ 26-ന് വൈകീട്ട് അറിയിപ്പ് നൽകി. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിലെ ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ ദിനവും വൈകീട്ട് 3 മണിമുതൽ രാത്രി 7 മണിവരെ പ്രവർത്തിക്കുന്നതാണ്.

ഈ കേന്ദ്രത്തിലെത്തുന്നവർ തങ്ങളുടെ കൈവശം ഐഡി കാർഡ് കരുത്തേണ്ടതാണ്. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ആഴ്ച്ച തോറും അറിയിപ്പ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഈ ആഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ ചുമതലയുള്ള ഡോ. തമ്ര ബിൻത് സയീദ് അൽ ഗഫ്‌റിയ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.

നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗവ്യാപനം തടയുന്നതിനായി 2021 ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് 8 മണി മുതൽ ഒമാൻ രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.