അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2020 ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. സെപ്റ്റംബർ 7, തിങ്കളാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ യാത്രയാകുന്ന ഓരോ ഇടങ്ങളിലെയും രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും സർവീസുകൾക്ക് അനുവാദം നൽകുക എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തെ COVID-19 സാഹചര്യങ്ങളും, പ്രതിരോധ നടപടികളും വിശകലനം ചെയ്ത ശേഷമാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനത്തിലെത്തിയത്.
സർവീസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഓരോ രാജ്യങ്ങളിലെയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും, വിവിധ വിമാനക്കമ്പനികളുമായി കൂടിയാലോചിക്കുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ അറിയിപ്പിനെ തുടർന്ന് ആഗോള തലത്തിൽ തങ്ങളുടെ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാൻ പൂർണ്ണസജ്ജമാണെന്ന് ഒമാൻ എയർ അറിയിച്ചു.
വിവിധ രാജ്യങ്ങളിലേക്കുള്ള പ്രത്യേക വിമാനങ്ങൾ ഒഴികെ മാർച്ച് 29 മുതൽ ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ താത്കാലികമായി നിർത്തിവെച്ച അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ ഒമാനിൽ ഏതാണ്ട് ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഒക്ടോബർ മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.