ഒമാൻ: പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനം

GCC News

താത്‌കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 30, തിങ്കളാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ എന്നിവ വഴി സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസകൾ അനുവദിക്കുന്ന നടപടികൾ ആരംഭിക്കുമെന്നാണ് യോഗത്തിന് ശേഷം സുപ്രീം കമ്മിറ്റി വ്യക്തമാക്കിയത്. ഇതോടൊപ്പം രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തിങ്കളാഴ്‌ച്ചത്തെ സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഈ പുതിയ തീരുമാനത്തോടെ, സംഘമായെത്തുന്ന ടൂറിസ്റ്റുകൾക്ക് മാത്രമാണ് ഒമാൻ പുതിയ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മാസം മുതൽ ഒമാൻ എല്ലാ തരം പുതിയ വിസകളും താത്കാലികമായി നിർത്തലാക്കിയിരുന്നു.

പ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് ഏതാനം ദിനങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.