ഒമാൻ: സെപ്റ്റംബർ 27 മുതൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

GCC News

സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ഒമാനിൽ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അറിയിച്ചു. സെപ്റ്റംബർ 22, ചൊവ്വാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഈ തീരുമാനം.

https://twitter.com/Transportgovom/status/1308344018007478273

മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ അറിയിപ്പ് പ്രകാരം താഴെ പറയുന്ന തീയ്യതികളിലാണ് ഒമാനിലെ വിവിധ ഇടങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത്:

  • സെപ്റ്റംബർ 27 മുതൽ – നഗരങ്ങൾ തമ്മിലുള്ള പൊതു ഗതാഗതത്തിനു അനുമതി.
  • ഒക്ടോബർ 4 മുതൽ – മസ്‌കറ്റ് നഗരപരിധിക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ആരംഭിക്കും.
  • ഒക്ടോബർ 18 മുതൽ – സലാല നഗരപരിധിക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ആരംഭിക്കും.

സുഹറിൽ നിന്നുള്ള പൊതുഗതാഗത സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ ബസുകൾ ഉൾപ്പടെ ഒമാനിലെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.

പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്:

  • ഓരോ ട്രിപ്പുകൾക്ക് മുൻപും, ശേഷവും ബസുകൾ അണുവിമുക്തമാക്കുന്നതാണ്.
  • നഗരങ്ങൾ തമ്മിലുള്ള സർവ്വീസുകളിൽ യാത്രചെയ്യുന്നവരുടെ ശരീരോഷ്‌മാവ്‌ പരിശോധിക്കുന്നതാണ്.
  • യാത്രയിൽ മാസ്കുകൾ നിർബന്ധമാണ്.
  • ബസുകളിൽ സാനിറ്റൈസറുകൾ ഏർപെടുത്തുന്നതാണ്.
  • സമൂഹ അകലം ഉറപ്പാക്കുന്നതിനായി ഇടവിട്ടുള്ള സീറ്റുകൾ ഒഴിച്ചിടുന്നതാണ്.
  • നിന്ന് കൊണ്ടുള്ള യാത്രകൾ അനുവദിക്കുന്നതല്ല.
  • ബസിന്റെ ഹാൻഡിലുകളിലും മറ്റും സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുത്.

Cover Photo Source: Mwasalat Oman (@mwasalat_om)