ഒമാൻ: ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകിത്തുടങ്ങും

GCC News

ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടം ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ജനുവരി 31-ന് ഒമാനിലെത്തിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഈ വാക്സിൻ 65 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരമാർക്കും, പ്രവാസികൾക്കുമാണ് ലഭ്യമാക്കുന്നത്. ഒമാനിലുടനീളമുള്ള ഗവർണറേറ്റുകളിൽ ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്. ഫെബ്രുവരി 3-നാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“ആസ്ട്രസെനേക്ക COVID-19 വാക്സിൻ ആദ്യ ഘട്ടത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരമാർക്കും, പ്രവാസികൾക്കുമാണ് നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ആരോഗ്യമുള്ളവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഒരു പോലെ ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്. ഓരോ ഗവർണറേറ്റിലും വാക്സിൻ നൽകുന്നതിന് നേരത്തെ തിരഞ്ഞെടുത്തിരുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പ് നൽകുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ നേരത്തെ ഫൈസർ വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇവർക്കുള്ള ഫൈസർ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗഹൃദ രാജ്യങ്ങളിലേക്ക് COVID-19 വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ കീഴിൽ ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തിയിരുന്നു. നാലാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.