ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒക്ടോബർ 21-ന് രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ, ഒക്ടോബർ 21, ബുധനാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ നീട്ടി വെക്കാൻ തീരുമാനിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, സന്ദേശങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒക്ടോബർ 17-ന് വ്യക്തമാക്കിയിരുന്നു.
നവംബർ 1 മുതൽ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഓഗസ്റ്റ് 13-നു സുപ്രീം കമ്മിറ്റി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതിയ അധ്യയന വർഷം നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സെപ്റ്റംബർ 10-ന് പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലത്തിന്റെ ഈ നിർദ്ദേശങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ സുപ്രീം കമ്മിറ്റി നവംബർ 1 മുതൽ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കാമെന്ന് ആവർത്തിച്ചത്.
പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാലയങ്ങളിലും മിശ്ര രീതിയിലുള്ള അധ്യയനം നടപ്പിലാക്കുമെന്നും സുപ്രീം കമ്മിറ്റി ആവർത്തിച്ചു. വിദൂര വിദ്യാഭ്യാസ രീതിയ്ക്ക് ഊന്നൽ നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നത്.
ഇതേ യോഗത്തിൽ തന്നെ ഒമാനിൽ നിലവിൽ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 24, ശനിയാഴ്ച്ച രാവിലെ 5 മണിയോടെ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.