ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കും

Oman

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2021 ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം എന്ന രീതിയിലാണ് OCEC-യെ ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ നിന്ന് ഒരേസമയം കൂടുതൽ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിൻ നൽകുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വൈകീട്ട് 3 മുതൽ രാത്രി 9 വരെയും കുത്തിവെപ്പ് ലഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.