ഒമാൻ: COVID-19 വീഴ്ചകളുടെ പിഴത്തുകകൾ പുതുക്കി; തൊഴിലിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 100 റിയാൽ പിഴ

GCC News

സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകളുടെ പിഴത്തുകകൾ ഒമാൻ പുതുക്കി നിർണ്ണയിച്ചു. COVID-19 സുരക്ഷാ വീഴ്ചകൾക്കുള്ള ശിക്ഷാ നടപടികൾ കർശനമാക്കാനുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശത്തെത്തുടർന്ന്, നിയമകാര്യ മന്ത്രാലയമാണ് ഇവ പുതുക്കി നിർണ്ണയിച്ചത്.

തൊഴിലിടങ്ങളിലും, പൊതുവാഹനങ്ങളിലും മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾക്ക് 100 റിയാൽ പിഴ, തൊഴിലിടങ്ങളിൽ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിലവാരത്തിലുള്ള സാനിറ്റൈസറുകൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ, തുടങ്ങി നിരവധി ആരോഗ്യ സുരക്ഷാ വീഴ്ചകൾ സംബന്ധിച്ച ശിക്ഷാ നടപടികൾ മന്ത്രാലയത്തിൻറെ പുതുക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

നിയമകാര്യ മന്ത്രാലയം പുറത്തിറക്കിയ, സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട COVID-19 സുരക്ഷാ വീഴ്ചകളുടെ പുതുക്കിയ പിഴത്തുകകൾ:

  • COVID-19 വ്യാപന സാഹചര്യം നേരിടുന്നതുമായി ബന്ധപ്പെട്ട്, അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടികളുടെയും, മുൻകരുതലുകളുടെയും ആഭ്യന്തര രേഖ തയ്യാറാക്കാത്ത സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ.
  • ജീവനക്കാർ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതും, തിരികെ മടങ്ങുന്നതുമായി ബന്ധപ്പെട്ട സമയവിവരങ്ങൾ ദിനംതോറും രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • തൊഴിലിടങ്ങളിലും, പൊതുവാഹനങ്ങളിലും മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾക്ക് 100 റിയാൽ പിഴ.
  • തൊഴിലിടങ്ങളിൽ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിലവാരത്തിലുള്ള സാനിറ്റൈസറുകൾ ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപെടുത്തുന്നതിനും, ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ, പനി എന്നിവ നിരീക്ഷിക്കുന്നതിനും, രേഖപെടുത്തുന്നതിനുമുള്ള സംവിധാനങ്ങൾ ഏർപെടുത്താത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • ജീവനക്കാരിൽ പ്രകടമാകുന്ന രോഗവിവരങ്ങൾ ഉടൻ അധികൃതരെ അറിയിക്കുന്നതിലുള്ള വീഴ്ചകൾക്ക് 100 റിയാൽ പിഴ.
  • രോഗബാധിതരെന്ന് സംശയിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ.
  • തൊഴിലിടങ്ങളിലും, ജീവനക്കാരുടെ താമസയിടങ്ങളിലും സമൂഹ അകലം സംബന്ധിച്ച അടയാളങ്ങൾ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • ജീവനക്കാരുടെ താമസയിടങ്ങളിൽ, വിവിധ ഭാഷകളിലുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • താമസയിടങ്ങളിലെ എല്ലാവരുടെയും വിവരങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • താമസയിടങ്ങളിൽ തൊഴിലാളികൾ പ്രവേശിക്കുന്നതും തിരികെ പോകുന്നതും സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ സുരക്ഷാ ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ.
  • ജീവനക്കാരുടെ തൊഴിലിടങ്ങളിൽ മതിയായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കാതെ സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • തൊഴിലുപകരണങ്ങൾ മുതലായവ അണുവിമുക്തമാക്കുന്നതിലെ വീഴ്ചകൾക്ക് 100 റിയാൽ പിഴ.
  • ജീവനക്കാരുടെ ഇടയിൽ കൊറോണ വൈറസ് പ്രതിരോധ ബോധവത്കരണം നൽകാത്ത സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • സുപ്രീം കമ്മിറ്റിയുടെ മറ്റു സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 100 റിയാൽ പിഴ.
  • ജീവനക്കാരുടെ താമസയിടങ്ങളിൽ മതിയായ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 500 റിയാൽ പിഴ ചുമത്തും.
  • താമസയിടങ്ങളിൽ, ജീവനക്കാരെ സംഘങ്ങളായി വേർതിരിക്കുന്നതിലും, ഓരോ സംഘത്തിനും പ്രത്യേക ടോയ്‌ലറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിലും വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്. ഭക്ഷണം വിളമ്പുന്ന ഇടങ്ങളിൽ ആളുകൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും നിർബന്ധമായും ഒരുക്കേണ്ടതാണ്.
  • ജീവനക്കാരെ കൊണ്ടുപോകുന്ന വാഹങ്ങളിൽ, ഓരോ സീറ്റുകൾക്കിടയിലും, ഒരു സീറ്റ് വീതം കാലിയാക്കി ഇടുന്നതിൽ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്.

രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ, സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി, നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നടപടികൾ എടുക്കുന്നതിനുള്ള വിവിധ തീരുമാനങ്ങൾ എടുത്തതായി കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി, ഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.