ഒമാൻ: മെയ് 3 മുതൽ ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

Oman

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. മെയ് 2-ന് രാത്രിയാണ് അധികൃതർ ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം മെയ് 3 മുതൽ മെയ് 8 വരെയുള്ള കാലയളവിൽ ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ദിനവും രാത്രി 9 മുതൽ പിറ്റേന്ന് പുലർച്ചെ 4 വരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ദോഫാർ ഗവർണറേറ്റിൽ മെയ് 8-ന് രാവിലെ വരെ, ദിനവും രാത്രി 9 മുതൽ പിറ്റേന്ന് പുലർച്ചെ 4 വരെ, വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. മെയ് 8 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണിവരെയാക്കി പുനഃക്രമീകരിക്കുന്നതാണ്.

2021 ഏപ്രിൽ 17 മുതൽ, സുപ്രീം കമ്മിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരം, ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മറ്റു ഗവർണറേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ദിനവും നാല് മണിക്കൂർ അധിക സമയത്തേക്ക് ( ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ) ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി 2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളം മെയ് 8 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണിവരെയാക്കാൻ തീരുമാനിച്ചതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.