രോഗവ്യാപനം തടയുന്നതിനായി COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി. ഡിസംബർ 22-നാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
“രോഗവ്യാപനം തടയുന്നതിനായി അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ രാജ്യത്തെ ഏതാനം ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ എന്നിവ മനഃപൂർവം വീഴ്ച്ച വരുത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനാൽ മന്ത്രാലയവും, മറ്റു അധികൃതരും COVID-19 വൈറസിന്റെ വ്യാപനം തടയുന്നതിനായി മുന്നോട്ട് വെച്ചിട്ടുള്ള മുഴുവൻ തീരുമാനങ്ങളും കർശനമായി പാലിക്കേണ്ടതാണെന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.”, മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി ഹോട്ടലുകളിലെ റസ്റ്ററന്റുകൾ, വിരുന്ന് സത്കാര ഹാളുകൾ, മീറ്റിംഗ് ഹാളുകൾ തുടങ്ങിയ സേവനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനമായി നിയന്ത്രിക്കാൻ മന്ത്രാലയം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ച് പൂട്ടൽ ഉൾപ്പടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.