ഒമാൻ: COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ ടൂറിസം മന്ത്രാലയം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

GCC News

COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി. നവംബർ 8-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ ഏതാനം ഹോട്ടലുകളിലും, ടൂറിസം സ്ഥാപനങ്ങളിലും COVID-19 മുൻകരുതൽ നിബന്ധനകൾ പാലിക്കുന്നതിൽ അലംഭാവം കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരം ഒരു നിർദ്ദേശം നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ടൂറിസം മന്ത്രാലയം, മറ്റു അനുബന്ധ വകുപ്പുകൾ എന്നിവർ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതിനായി ഹോട്ടലുകളിലെ റസ്റ്ററന്റുകൾ, വിരുന്ന് സത്കാര ഹാളുകൾ തുടങ്ങിയ സേവനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനമായി നിയന്ത്രിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.