അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും നിർദ്ദേശിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ജനുവരി 27-ന് ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
രാജ്യത്തെ നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ വിലയിരുത്തിയ കമ്മിറ്റി, ഒമാനിൽ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്താണ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ നിബന്ധനകളും മറ്റും കർശനമാക്കുന്ന നിലവിലെ സാഹചര്യത്തിൽ, വരും നാളുകളിൽ തീർത്തും അത്യാവശ്യമല്ലാത്തതായ വിദേശയാത്രകൾ ഒഴിവാക്കാൻ കമ്മിറ്റി പൊതുസമൂഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
രാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും സുപ്രീം കമ്മിറ്റി ഇതേ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുണ്ട്.