രാജ്യത്തെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി നടത്തുന്ന ഈ സർവേയുടെ നാലാമത്തെയും, അവസാനത്തെയും ഘട്ടം നവംബർ 8, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു.
സർവേയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കുന്നവരെ ആരോഗ്യ മന്ത്രാലയം SMS വഴി അറിയിക്കുന്നതാണ്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവരോട് ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്താൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഓരോ വ്യക്തികളുടെയും, മുഴുവൻ സമൂഹത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള ഈ വിവരശേഖരണ പരിപാടിയിൽ പങ്കാളികളാകണാമെന്ന് മന്ത്രാലയം ആവർത്തിച്ചു.
എന്നാൽ സർവേയിൽ പങ്കെടുക്കാത്തവർക്ക് നിയമനടപടികളൊന്നും നേരിടേണ്ടി വരില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പിൾ ശേഖരിച്ച ശേഷം സർവേയിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഐസൊലേഷൻ ആവശ്യമില്ലെന്നും, ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് പോലെയുള്ള നിരീക്ഷണ ഉപകരണങ്ങൾ ഇവരിൽ ഉപയോഗിക്കുന്നില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിലെ വിവിധ മേഖലകളിലെ രോഗവ്യാപനത്തിന്റെ തോതും, രോഗവ്യാപന കാരണങ്ങളും കണ്ടെത്തുന്നതിന് ഈ സർവേ അധികൃതരെ സഹായിക്കുന്നതാണ്. രാജ്യത്തെ വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനും നാല് ഘട്ടങ്ങളിലായി നടത്തുന്ന ഈ സർവേയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. ഈ സർവേ നൽകുന്ന സൂചനകൾ ഉപയോഗിച്ചായിരിക്കും ആരോഗ്യ അധികൃതർ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതുണ്ടോ, എന്തെല്ലാം ഇളവുകൾ നൽകാം മുതലായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഈ സർവേയുടെ ആദ്യ ഘട്ടം ജൂലൈ 12-നും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16-നും, മൂന്നാം ഘട്ടം സെപ്റ്റംബർ 27-നും ആരംഭിക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലും ജനങ്ങൾക്കിടയിൽ ദേശീയ സർവേയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിച്ചതായും, ഈ നടപടിയോട് സമൂഹം മികച്ച രീതിയിൽ പ്രതികരിച്ചതായും മന്ത്രാലയം നേരത്തെ വ്യക്തമാക്കുകയുണ്ടായി.