ഒമാൻ: ഉപയോഗിച്ച മാസ്കുകൾ പൊതുഇടങ്ങളിൽ നിക്ഷേപിക്കരുത്; പുനരുപയോഗം ചെയ്യാവുന്ന മാസ്കുകൾ ശീലമാക്കാൻ നിർദ്ദേശം

GCC News

ഉപയോഗിച്ച മാസ്കുകൾ പൊതു ഇടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് താക്കീതുമായി ഒമാനിലെ മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്‌സ് (MECA). COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് MECA പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

റോഡുകളിലും, ജലാശയങ്ങൾക്കരികിലും ഇത്തരം മുഖാവരണങ്ങളും മറ്റും നിക്ഷേപിക്കുന്നത് ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾക്കും, പരിസ്ഥിതി പ്രതിസന്ധികൾക്കും ഇടയാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ ഈ വിഷയം പ്രതിസന്ധികൾക്കിടയാക്കുന്നുണ്ട്. പ്ലാസ്റ്റിക് അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മാസ്കുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇതിനു പോംവഴിയായി പുനരുപയോഗം ചെയ്യാവുന്ന മാസ്കുകൾ ശീലമാക്കാനും, കഴിയുന്നതും ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ ഒഴിവാക്കാനും MECA ജനങ്ങളോട് ആഹ്വാനം ചെയ്തു. ദിനവും ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകൾ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് സഹായകമാണ്. പുനരുപയോഗം ചെയ്യാവുന്ന മാസ്കുകൾ ഉപയോഗിക്കുമ്പോൾ അവ കൃത്യമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് ശുചിയാക്കി വേണം ഓരോ തവണയും ഉപയോഗിക്കാനെന്നും അധികൃതർ വ്യക്തമാക്കി.