എക്സ്പോ 2020 ദുബായ് കൊടിയിറങ്ങാൻ ഇനി ഒരു ദിനം; 3 ദിവസത്തിനിടയിൽ ഒരു ദശലക്ഷം സന്ദർശനങ്ങൾ രേഖപ്പെടുത്തി

UAE

ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 2022 മാർച്ച് 25, 26, 27 തീയതികളിൽ എക്സ്പോ വേദിയിലെത്തിയ സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്‌ചയിൽ എക്‌സ്‌പോ 2020 ദുബായിലേക്ക് വലിയതോതിൽ സന്ദർശകർ ഒഴുകിയെത്തിയിരുന്നു. ആറ് മാസത്തെ എക്സ്പോ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യം ആകെ എക്സ്പോ സന്ദർശനങ്ങളുടെ എണ്ണം 23 ദശലക്ഷത്തിനരികെയെത്താൻ സഹായിച്ചു.

ആഗോള തലത്തിൽ COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന മേഖലയിലെ ആദ്യത്തെ വേൾഡ് എക്‌സ്‌പോ 22.9 ദശലക്ഷത്തിനും 25.4 ദശലക്ഷത്തിനും ഇടയിൽ സന്ദർശനങ്ങൾ ആകർഷിക്കാനുള്ള അതിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റി എന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2015-ൽ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (BIE) അംഗരാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച രജിസ്‌ട്രേഷൻ ഡോസിയറിൽ 22.9 ദശലക്ഷത്തിനും 25.4 ദശലക്ഷത്തിനും ഇടയിൽ സന്ദർശനങ്ങൾ എന്ന ലക്ഷ്യമാണ് രേഖപ്പെടുത്തിയിരുന്നത്.

ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗോള തലത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞർ പങ്കെടുക്കുന്ന പരിപാടികൾ, കലാപ്രദർശനങ്ങൾ, അതിഗംഭീരമായ കരിമരുന്ന് പ്രയോഗങ്ങൾ മുതലായവ ഇതിന്റെ ഭാഗമായി ഒരുക്കുമെന്ന് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചിട്ടുണ്ട്.

എക്‌സ്‌പോ 2020 ദുബായുടെ സമാപന ദിവസമായ 2022 മാർച്ച് 31, വ്യാഴാഴ്ച യു എ ഇ എയർഫോഴ്‌സിന്റെ ഫുർസാൻ അൽ ഇമറാത്ത് എയ്‌റോബാറ്റിക്‌സ് ടീമിന്റെ ഒരു പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഗ്ലോബൽ മ്യൂസിക് ഐക്കൺമാരായ ക്രിസ്റ്റിന അഗ്വിലേറ, നോറാഹ് ജോൺസ്, യോ-യോ മാ തുടങ്ങിയവർ ഈ സമാപന ചടങ്ങിന്റെ ഭാഗമായി അതിശയകരമായ പ്രകടനങ്ങൾ നടത്തുന്നതാണ്. 2022 മാർച്ച് 31-ന് വൈകീട്ട് യു എ ഇ സമയം 7 മണിയ്ക്കാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്.

WAM