ഒമാനിൽ ജൂലൈ 25 മുതൽ എല്ലാ ഗവർണറേറ്റുകളിലും നടപ്പിലാക്കുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രത്യേക അനുവാദമുള്ള ഫാർമസികൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുക എന്നാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. വാണിജ്യ പ്രവർത്തനങ്ങളും, യാത്രകളും വിലക്കിയിട്ടുള്ള രാത്രി 7 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് ഇത്തരം പ്രത്യേക അനുവാദമുള്ള ഫാർമസികൾ മാത്രമായിരിക്കും തുറക്കുക.
രാജ്യത്തുടനീളം ഓരോ വിലായത്തുകളിലും ഇത്തരത്തിൽ ഒന്ന് വീതം ഫാർമസികൾക്കാണ് തുറക്കുന്നതിനു അനുവാദം നൽകുന്നത് എന്നാണ് ലഭിക്കുന്ന സൂചന. https://www.moh.gov.om/en/p എന്ന വിലാസത്തിൽ നിന്ന് ഓരോ വിലായത്തിലെയും തുറക്കാൻ അനുവാദമുള്ള ഫാർമസികളുടെ വിവരം ലഭ്യമാക്കിയിട്ടുണ്ട്.
ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ എല്ലാ ഗവർണറേറ്റുകളും പൂർണമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ കാൽനടക്കാരുൾപ്പടെ, ഒരുതരത്തിലുള്ള യാത്രകൾക്കും, വാണിജ്യ പ്രവർത്തനങ്ങൾക്കും അനുവാദം നൽകില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുന്നതാണ്.