ബഹ്റൈനിൽ ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://volunteer.gov.bh/ എന്ന വിലാസത്തിൽ, നാഷണൽ വോളണ്ടിയർ സംവിധാനത്തിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മറിയം അൽ ഹജ്രി ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്റൈനിലും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. യു എ ഇയുമായി ചേർന്നാണ് ബഹ്റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്.
ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 18 വയസിനു ,മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുമെന്ന് ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (SCH) പ്രസിഡന്റ് ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല നേരത്തെ വ്യക്തമാക്കിയിരുന്നു. കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുക.
നിർജ്ജീവമാക്കിയ COVID-19 വാക്സിനിൽ നിന്ന് COVID-19 രോഗബാധയേൽക്കില്ല എന്നും ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനു ഉറപ്പ് നൽകി. മറിച്ച്, വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയിൽ വൈറസിനെതിരായ ആൻറിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാക്കുകയാണ് വാക്സിൻ ലക്ഷ്യമിടുന്നതെന്നും, ഈ ആൻറിബോഡികളുടെ സാന്നിദ്ധ്യം പരീക്ഷണവേളയിൽ പഠനവിധേയമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കുന്ന സന്നദ്ധസേവകരിൽ ഈ പരീക്ഷണങ്ങൾ 12 മാസത്തോളം തുടരുമെന്നും, ഈ പരീക്ഷണങ്ങൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അംഗീകാരം ലഭിച്ചതായും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.