ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) നിർദ്ദേശപ്രകാരം, സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. മറ്റുള്ള വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് പ്രവേശനമില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്.
ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും അറിയിപ്പിൽ പറയുന്നു. ഇന്ന് (ഓഗസ്റ്റ് 22) ഉച്ചയ്ക്കാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ യാത്രാ നിബന്ധനകൾ പ്രകാരം അബുദാബിയിലേക്കും, ഷാർജയിലേക്കും മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർ നിർബന്ധമായും https://uaeentry.ica.gov.ae എന്ന വിലാസത്തിലൂടെ ICA സ്‍മാർട്ട് സർവീസസ് സംവിധാനം ഉപയോഗിച്ച് യാത്രാനുമതി നേടേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ യു എ യിലേക്ക് പ്രവേശനാനുമതിയില്ലെങ്കിൽ ഈ സംവിധാനത്തിലൂടെ ആ വിവരം അറിയാവുന്നതാണ്.
https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ ഇത്തിഹാദ് എയർവേസ് നൽകുന്ന യാത്രാ നിബന്ധനകൾ പ്രകാരവും സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളത്. സന്ദർശക വിസ ഉൾപ്പടെ മറ്റെല്ലാ വിസകൾക്കും പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കുന്നു.