എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 ടെസ്റ്റിംഗ് സുഗമമാക്കുന്നതിനായി ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിലുള്ള പരിശോധനാ കേന്ദ്രത്തിനു പുറമെ, മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം അബുദാബി മീഡിയാ ഓഫീസ് പങ്കുവെച്ചു. ഖന്തൂത്ത് കേന്ദ്രത്തിനു പുറമെ, കഴിഞ്ഞ ദിവസം ആരംഭിച്ച നാല് പുതിയ റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉൾപ്പടെ, ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഏഴു റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണ് നിലവിൽ യു എ ഇയിലുള്ളത്.
ഖന്തൂത്ത്, അൽ ഐൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങൾ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുമാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ പരിശോധനകൾക്കും 50 ദിർഹമാണ് ഈടാക്കുന്നത്. 5 മിനിറ്റിനകം റിസൾട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത.
നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ടെസ്റ്റിംഗ് റിസൾട്ട് ആവശ്യമുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവാദം നേടിയ ശേഷം (കുടുംബങ്ങൾക്ക് മുൻകൂർ ബുക്കിംഗ് ആവശ്യമില്ല) പരിശോധനകൾക്കായി സമീപിക്കാവുന്നതാണ്.
ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം:
- സയ്ദ് സ്പോർട്സ് സിറ്റി, അബുദാബി – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
- അബുദാബി കോർണിഷ് – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
- അൽ ഐനിലെ അൽ ഹിലി – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
- റഷീദ് പോർട്ട്, ദുബായ് – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
- അൽ ഖവാനീജ്, ദുബായ് – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
- ഫുജൈറ – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
- റാസ് അൽ ഖൈമ – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)