അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിലെ വീഴ്ച; 2020 ജൂൺ അവസാനം വരെ 13,759 പേർക്ക് പിഴ ചുമത്തി

UAE

2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 6, വ്യാഴാഴ്‌ച്ചയാണ്‌, 2020 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തെ ഇത്തരം വീഴ്ച്ചകൾ സംബന്ധിച്ച വിവരങ്ങൾ അബുദാബി പോലീസ് പങ്കുവെച്ചത്. അബുദാബി പോലീസ് ട്രാഫിക് ഉദ്യോഗസ്ഥർ നേരിട്ടും, സ്മാർട്ട് റഡാർ സംവിധാനത്തിലൂടെയും കണ്ടെത്തിയ ഇത്തരം റോഡ് നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ തടയാനായി 2020 ജനുവരി 15 മുതൽ അബുദാബിയിൽ സ്മാർട് റഡാർ സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു. ഡ്രൈവിങ്ങിൽ മാന്യതയും, പരസ്പര സഹകരണവും, ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന്റെയും അതിലൂടെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായി, അബുദാബി പോലീസ്, റോഡിൽ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിയിരുന്നു.

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ്, മറ്റു വാഹനങ്ങളെ കടന്ന് പോകാൻ അനുവദിക്കാതെ തടസമായി ഫാസ്റ്റ് ലേനിൽ പതിയെ വാഹനമോടിക്കുക മുതലായ നിയമലംഘനങ്ങൾ സ്മാർട് റഡാർ സംവിധാനത്തിലൂടെ അധികൃതർക്ക് കണ്ടെത്താനാകും. ഇത്തരം നിയമലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്. കൂടാതെ ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുന്നതുമാണ്.

വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതെയുള്ള ഡ്രൈവിംഗ് ശീലങ്ങൾ വലിയ അപകടങ്ങൾക്കിടയാക്കാവുന്നതാണ്. ഇത്തരം മോശം ശൈലികൾ റോഡുകളിൽ നിന്ന് ഒഴിവാക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധതരത്തിലുള്ള ബോധവത്കരണ പരിപാടികൾ അബുദാബി പോലീസ് നടപ്പിലാക്കിവരുന്നുണ്ട്.