ഹജ്ജ് പെർമിറ്റുകൾ കൂടാതെ മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 2050 പേരെ ഇതുവരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം വക്താവ് അറിയിച്ചു. ഇവർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി, ജൂലൈ 19 മുതൽ ഓഗസ്റ്റ് 2 വരെ മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അതേസമയം, ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകിയതിന് 7 പേർക്കെതിരെ തടവ് ശിക്ഷയും പിഴയും ചുമത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
17 അനധികൃത തീർത്ഥാടകരെ 3 വാഹനങ്ങളിലായി മക്കയിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഈ വ്യക്തികളെ സുരക്ഷാ സേന പിടികൂടിയത്. തീർത്ഥാടകരെ എത്തിക്കാനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്ക് ഓരോരുത്തർക്കും 15 ദിവസത്തെ തടവും, ആകെ 170000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. ഇവരിൽ 2 വിദേശികളെ ഈ ശിക്ഷാ നടപടികൾക്ക് ശേഷം സൗദിയിൽ നിന്ന് നാടുകടത്തുന്നതാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.