ഒമാൻ: 24 മണിക്കൂറിനിടയിൽ രണ്ടായിരത്തിൽ പരം ആളുകൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

Oman

24 മണിക്കൂറിനിടയിൽ 2101 പേർക്ക് ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 8-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു. ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടത്തിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരമാർക്കും, പ്രവാസികൾക്കുമാണ് കുത്തിവെപ്പ് നൽകുന്നത്. ഇതിന്റെ ഭാഗമായാണ് 2101 പേർക്ക് വാക്സിൻ നൽകിയത്. ഇത് മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരുടെ ഏതാണ്ട് 3 ശതമാനത്തോളം വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മസ്കറ്റ് ഗവർണറേറ്റിൽ 875 പേർ ഈ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി മന്ത്രലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ 315 പേരും, അൽ ദാഖിലിയാഹ് ഗവർണറേറ്റിൽ 267 പേരും, അൽ ദാഹിറാഹ് ഗവർണറേറ്റിൽ 176 പേരും, നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ 133 പേരും, ദോഫാർ ഗവർണറേറ്റിൽ 36 പേരും, അൽ ബുറൈമി ഗവർണറേറ്റിൽ 34 പേരും വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളമുള്ള ഗവർണറേറ്റുകളിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന ആരോഗ്യമുള്ളവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഒരു പോലെ ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. സൗഹൃദ രാജ്യങ്ങളിലേക്ക് COVID-19 വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ കീഴിൽ ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തിയിരുന്നു.

നാലാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. എന്നാൽ നേരത്തെ ഫൈസർ വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്കുള്ള ഫൈസർ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

Cover Photo: @OmanVSCovid19