ഒമാൻ: അയ്യായിരത്തിലധികം പേർ COVID-19 വാക്സിനേഷനിൽ പങ്കെടുത്തു

Oman

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ അയ്യായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളുടെ 20.1 ശതമാനത്തോളം വരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഡിസംബർ 31, വ്യാഴാഴ്ച്ച വൈകീട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ച കണക്കുകൾ പ്രകാരം ഇതുവരെ 5043 പേർ വാക്സിനേഷൻ യത്നത്തിൽ പങ്കെടുത്തിട്ടുണ്ട്. മസ്കറ്റിൽ ഇതുവരെ 1323 പേർ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. നോർത്ത് അൽ ബത്തീനയിൽ 1147 പേർ വാക്സിൻ സ്വീകരിച്ചു.

അൽ ബുറൈമിയിൽ 314 പേരും, അൽ ദാഖിലിയയിൽ 375 പേരും വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു. അൽ ദഹിറാഹ് (323), മുസന്ദം (125), നോർത്ത് അൽ ശർഖിയ (294), സൗത്ത് അൽ ശർഖിയ (362), സൗത്ത് അൽ ബത്തീന (458), ദോഫാർ (247), അൽ വുസ്ത (75) എന്നിങ്ങനെയാണ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ.

പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇവർ പ്രത്യേക അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തന സമയങ്ങളിൽ നേരിട്ടെത്തി വാക്സിനേഷനിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഒമാനിൽ ഡിസംബർ 27 മുതൽ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.