നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ 700-ൽ പരം പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുത്തു. ഒമാനിലെ ആകെ പള്ളികളുടെ ഏകദേശം 30 ശതമാനത്തോളം പള്ളികൾ നിലവിൽ വിശ്വാസികൾക്കായി തുറന്നിട്ടുണ്ട്. COVID-19 പശ്ചാത്തലത്തിൽ ഏതാണ്ട് എട്ട് മാസത്തോളമായി ഒമാനിലെ പള്ളികളിലേക്ക് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
പള്ളികൾ തുറന്ന് കൊടുക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ 400 വിശ്വാസികളെ ഒരേ സമയം ഉൾകൊള്ളാൻ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികൾ മാത്രമാണ് ഞായറാഴ്ച്ച മുതൽ തുറന്ന് കൊടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാർത്ഥനകൾക്കായാണ് പള്ളികൾ തുറക്കാൻ അനുവദിച്ചിട്ടുള്ളത്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ നവംബർ 15 മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ പള്ളികളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഔകാഫ് മന്ത്രാലയവും, സുപ്രീം കമ്മിറ്റിയും പ്രത്യേക മുൻകരുതൽ നടപടികൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മതിയായ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ വലിയ പള്ളികൾ മാത്രം തുറക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും, തുടർന്നുള്ള ദിനങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചെറിയ പള്ളികൾ കൂടി തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ തുറന്ന് കൊടുക്കാൻ ആവശ്യമായിട്ടുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ പള്ളികൾക്കായുള്ള രെജിസ്ട്രേഷൻ തുടരുന്നതായി ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തുറക്കാൻ അനുമതി ലഭിക്കുന്നതിനായി ലഭിച്ച ഏതാനം അപേക്ഷകൾ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാൽ തള്ളിയതായും ഔകാഫ് മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിൽ ഓരോ പ്രാർത്ഥനകൾക്കുമായി 25 മിനിറ്റ് മാത്രമാണ് വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ എന്നിവർക്ക് പള്ളികൾ സന്ദർശിക്കാൻ അനുമതി നൽകുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം തുടങ്ങിയ മുൻകരുതൽ നടപടികൾ പള്ളികളിൽ നിർബന്ധമാണ്.
Photo: Oman News Agency