ഒമാൻ: വ്യോമയാന മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി

GCC News

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട്, സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രകാരം തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ, ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) പുറത്തിറക്കി. ഒമാനിലെ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികളും ഇവ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് PACA വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനപ്രകാരം ഒമാനിലെ വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾക്ക് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ:

ഒമാനിൽ നിന്ന് പുറത്തേക്കുള്ള യാത്രകൾ:

  • ഒമാൻ പൗരന്മാർക്കും, വിദേശികൾക്കും ഒമാനിൽ നിന്ന് പ്രത്യേക പെർമിറ്റുകൾ കൂടാതെ യാത്ര ചെയ്യാവുന്നതാണ്.
  • ഒമാൻ പൗരന്മാർക്ക്, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
  • യാത്രികർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായും പാലിക്കണം.

വിദേശങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള യാത്രകൾ:

  • ഒമാനിലേക്ക് പ്രവേശിക്കുന്നതിനായി, ഒമാൻ പൗരമാർ അല്ലാത്തവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. അതാത് രാജ്യങ്ങളിലെ എംബസികളിൽ നിന്നോ, സ്പോൺസറിൽ നിന്നോ, ഒമാൻ എയർ, സലാം എയർ എന്നീ ഒമാൻ വിമാന കമ്പനികൾ വഴിയോ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.
  • ഒമാനിലേക്ക് തിരികെ എത്തുന്ന പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
  • ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് പ്രത്യേക കേന്ദ്രങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഇതിനുള്ള ചെലവുകൾ യാത്രികർ സ്വയം വഹിക്കേണ്ടതാണ്.
  • വിമാന ജീവനക്കാർക്ക് ക്വാറന്റീൻ നിബന്ധനയിൽ ഇളവ് നൽകും.
  • ഒമാനിൽ എത്തുന്ന എല്ലാ യാത്രികരും Tarassud+ എന്ന COVID-19 ട്രാക്കിംഗ് സ്മാർട്ട് അപ്പ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ഒമാനിൽ എത്തുന്നതിനു മുൻപായി ഈ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത്, രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്വാറന്റീൻ കാലാവധിയിൽ മുഴുവൻ സമയവും ധരിക്കേണ്ടതായ ട്രാക്കിംഗ് ബ്രേസ്‌ലെറ്റിനായി 5 റിയാൽ നൽകേണ്ടതാണ്.
  • എല്ലാ യാത്രികർക്കും, അവർ ഒമാനിൽ തുടരുന്ന മുഴുവൻ കാലാവധിയിലും സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
  • ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള വിദേശികൾക്ക് ക്വാറന്റീൻ ഒഴികെയുള്ള നിർദ്ദേശങ്ങൾ ബാധകമല്ല.