ഖത്തർ: പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കിയതായി ദോഹ മെട്രോ

GCC News

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു. പേപ്പർ ടിക്കറ്റുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ദോഹ മെട്രോ വ്യക്തമാക്കി.

“പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാനും, പകരം വീണ്ടും ഉപയോഗിക്കാവുന്ന ട്രാവൽ കാർഡുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിരിക്കുന്നു.”, ഒക്ടോബർ 31-ന് വൈകീട്ട് ട്വിറ്ററിൽ പങ്ക് വെച്ച അറിയിപ്പിലൂടെ ദോഹ മെട്രോ വ്യക്തമാക്കി.

സെപ്റ്റംബർ 1 മുതൽ, മെട്രോ സേവനങ്ങൾ പുനരാരംഭിച്ചപ്പോൾ COVID-19 സാഹചര്യം കണക്കിലെടുത്ത് ഇത്തരം പേപ്പർ ടിക്കറ്റുകൾ താത്കാലികമായി നിർത്തലാക്കിയിട്ടുണ്ടായിരുന്നു. പകരം ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ നിന്നോ ദോഹ മെട്രോ അംഗീകൃത വില്പനക്കാരിൽ നിന്നോ ട്രാവൽ കാർഡുകൾ വാങ്ങാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ നടപടിയാണ് ഇപ്പോൾ തുടരാൻ അധികൃതർ തീരുമാനിച്ചത്.