നവംബർ 1 മുതൽ മസ്‌കറ്റ് മുൻസിപ്പാലിറ്റിയിലെ ഏതാനം ഇടങ്ങളിൽ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കുന്നു

Oman

നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാനും, പകരം ഓൺലൈനിലൂടെയുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനം മസ്‌കറ്റ് മുൻസിപ്പാലിറ്റി നവംബർ 1, ഞായറാഴ്ച്ച മുതൽ നടപ്പിലാക്കുന്നു. പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കുന്ന ഇടങ്ങളിൽ പാർക്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും, ഫീസുകൾ നൽകുന്നതിനുമായി വാഹന ഉടമകൾക്ക് ഓൺലൈൻ, അല്ലെങ്കിൽ മൊബൈൽ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

നവംബർ 1 മുതൽ ഇത്തരം പാർക്കിംഗ് ഇടങ്ങൾ ബുക്ക് ചെയ്യുന്നതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പാർക്കിംഗ് ഇടങ്ങൾ പുതിയ അടയാളം ഉപയോഗിച്ച് മുൻസിപ്പാലിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

താഴെ പറയുന്ന ഇടങ്ങളിൽ നിന്നാണ് പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കുന്നത്:

  • ബിസിനസ് ഡിസ്‌ട്രിക്‌ട്
  • ബിസിനസ് സ്‌ക്വയർ
  • റുവി സൂഖ്
  • അൽ ഫർസാൻ സ്ട്രീറ്റ്
  • മത്ര സൂഖ് & സീ റോഡ്
  • അൽ വാദി അൽ കബീർ

SMS ഉപയോഗിച്ച് പാർക്കിംഗ് ഇടം ബുക്ക് ചെയ്യാൻ:

  • ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈലിൽ നിന്ന് 90091 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ, പാർക്കിംഗ് ആവശ്യമായ സമയം എന്നിവ SMS ചെയ്യാവുന്നതാണ്. പാർക്കിങ്ങിനുള്ള സമയം 30 മിനിറ്റ് ഇടവേളകളായി, പരമാവധി 300 മിനിറ്റ് വരെയാണ് ഇതിലൂടെ നൽകാൻ സാധിക്കുന്നത്. (ഉദാഹരണമായി 0000AB എന്ന നമ്പറുള്ള വാഹനം 30 മിനിറ്റ് പാർക്ക് ചെയ്യുന്നതിന് ‘0000AB 30’ എന്ന സന്ദേശം 90091-ലേക്ക് SMS ചെയ്യേണ്ടതാണ്.)
  • ഇതിനു മറുപടിയായി ടിക്കറ്റ് നമ്പർ, കാർ നമ്പർ, കോഡ്, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയ SMS തിരികെ ലഭിക്കുന്നതാണ്.
  • 90091 എന്ന നമ്പറിലേക്ക് വീണ്ടും SMS അയച്ചു കൊണ്ട് ആവശ്യമെങ്കിൽ പാർക്കിംഗ് സമയം നീട്ടിയെടുക്കാവുന്നതാണ്.

SMS വഴിയല്ലാതെ ‘Baladiyeti’ ആപ്പിലൂടെയും, http://www.mm.gov.om/ എന്ന വിലാസത്തിൽ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയും ഇത്തരം ഇടങ്ങളിൽ പാർക്കിംഗ് ബുക്ക് ചെയ്യാവുന്നതാണ്.

നവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത് സംബന്ധിച്ച് മസ്‌കറ്റ് മുൻസിപ്പാലിറ്റി ഒക്ടോബർ 10-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു.