ഒമാൻ: 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Oman

അറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 6 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 3 മുതൽ 2022 ഫെബ്രുവരി 6, ഞായറാഴ്ച്ച വരെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

2022 ഫെബ്രുവരി 3-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഖുറം മേഖലയിൽ നിന്ന് സീബ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക്, അൽ ഖുറമിലെ അൽ ല്ലാം ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ മൂന്ന് ദിവസത്തെ ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Oman News Agency.