ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ ഒമാൻ എയർപോർട്ട്സ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം യാത്രികർക്ക് ഒമാനിലെ വിമാനത്താവളങ്ങളിൽ COVID-19 PCR പരിശോധനകൾ നടത്തുന്നതാണ്. ഒമാനിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്നും, ഈ പരിശോധന രാജ്യത്ത് പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ നിന്ന് നടത്തുന്നതാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചിട്ടുള്ളത്.
ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്രികർ ‘Tarssud+’ ആപ്പിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യേണ്ടതും, ഇതിനു വരുന്ന തുകകൾ ആപ്പിലൂടെ നൽകേണ്ടതുമാണ്.
ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അവർ ഒമാനിൽ 7 ദിവസത്തിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ, സാധാരണ രീതിയിൽ തുടരാവുന്നതാണ്. അതേസമയം ഒമാനിൽ 7 ദിവസത്തിലധികം തങ്ങുന്നവർ, കൈകളിൽ ട്രാക്കിംഗ് ബാൻഡ് ധരിക്കുകയും, 14 ദിവസം ക്വാറന്റീനിൽ തുടരുകയും ചെയ്യേണ്ടതാണ്. ഈ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവർ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരിൽ കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, സലാല വിമാനത്താവളത്തിലും ഒരുക്കിയതായും ഒമാൻ എയർപോർട്ട്സ് നേരത്തെ അറിയിച്ചിരുന്നു.